5/9/17

അബ്റട്ടോ (Aberto) അലാർറ്റെ ( Alarte)

കൈയ്യിൽ സ്‌കെയിലോ അല്ലെങ്കിൽ സ്ട്രോയോ പിടിച്ച് എന്നെ നോക്കി 'അബ്റട്ടോ' എന്നോ 'അലാർറ്റെ' എന്ന് പറയുന്ന, മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മകന്റെ കളികളെ ഒരു തമാശ ആയിട്ടാണ് തോന്നിയത്.ചിലപ്പോൾ ദേഷ്യം വരുമ്പോൾ ഞാനും അവനെ നോക്കി 'അപ്പറന്റെയോ അലാറന്റോ ' എന്നൊക്കെ പറയുമ്പോൾ കൈയ്യിൽ ചട്ടുകമോ വല്ല തവിയോ ആയിരിക്കുമെന്ന് മാത്രം. മന്ത്രവാക്യങ്ങൾക്ക് മല്ലു ഉച്ചാരണവുമായിരിക്കും. അധ്യയനവർഷത്തിനിടയക്ക് കിട്ടുന്ന ഒരാഴ്‍ച അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണവൻ. ആ അവധിക്കാലത്ത് അവൻ്റെ ആവശ്യപ്രകാരം  'ഹാരിപോർട്ടർ' പുസ്തകം മേടിച്ചു കൊടുക്കാനും മടി തോന്നിയില്ല അങ്ങനെയാണല്ലോ വായനാശീലം ഉണ്ടാവുന്നത്. പുസ്തക വായന കഴിഞ്ഞപ്പോൾ അതിൻ്റെ സിനിമയുടെ 'dvd' കാണൽ ആയി അടുത്ത പരിപാടി. അങ്ങനെ രാവിലെ പുസ്തകവായന ഉച്ചയ്ക്ക് സിനിമ കാണൽ. ഒരു പക്ഷെ അതിൻ്റെ രചയിതാവ് ആയ 'ജെ. കേ റൌളിംഗ്' തന്‍റെ മനസ്സിൽ രൂപപ്പെടുത്തിയ കഥാപാത്രങ്ങളേക്കാൾ മനോഹരമായി അവൻ അതെല്ലാം ഉൾക്കൊണ്ടിട്ടുണ്ട്.

ഒരു രാത്രി, മഴയുടെ ആരംഭത്തിന്‍റെ ഭാഗമെന്ന പോലെ ഫ്ലാഷടിക്കുന്നതു പോലെയുള്ള മിന്നലും അതിനെ തുടര്‍ന്നുള്ള  കാതടപ്പിക്കുന്ന ഇടിവെട്ടും ശക്തമായ കാറ്റും...ഏതൊക്കെ ഫ്ലാറ്റിന്റെ ജനലുകളും വാതിലുകളും കൊട്ടിയടക്കുന്ന ശബ്ദം കൂട്ടത്തില്‍ മകന്‍റെ "അമ്മാ" വളരെ ദയനീയമായ കരച്ചിലും. എന്താണെന്നറിയാനുള്ള ആകാംക്ഷയില്‍ വീട്ടിലുള്ളവരെല്ലാം അവന്‍റെ അടുത്തെത്തി. അങ്ങേയറ്റം പേടിയുള്ള മുഖത്തോടെ കട്ടിലില്‍ ഇരുന്ന് കരയുന്നുണ്ട്. 'Voldemort' കർട്ടൺ -ന്‍റെ പുറകിൽ നിന്നും അങ്ങോട്ട് പോയി അവിടെന്ന് ഇങ്ങോട്ട് പോയി,  എന്നൊക്കെ പറഞ്ഞാണ് കരച്ചിൽ. അവൻ്റെ നിസ്സഹായതയോടു കൂടിയുള്ള മുഖവും വിവരണവും എന്നേയും പേടിപ്പിച്ചു. പിന്നീടുള്ള എല്ലാവരുടെ ചോദ്യം ചെയ്യലിൽ നിന്നാണ് അതൊരു ദു:സ്വപ്‍നം ആണെന്ന് മനസ്സിലായത്. എല്ലാവരും ആശ്വസിപ്പിച്ചും കളിയാക്കിയും അവനെ ചിരിപ്പിച്ചും സമാധാനപ്പിച്ചും അവനെ വീണ്ടും ഉറക്കാൻ കിടത്തി.  കഴിഞ്ഞ ഒരാഴ്‌ച യായി, സാങ്കല്പിക മാന്ത്രിക നോവലായ 'ഹാരിപോർട്ടർ' പുസ്തകവായനയും സിനിമ കാണലുമൊക്കെയായിരുന്നല്ലോ, അതുകൊണ്ട് തന്നെ എല്ലാവർക്കും തമാശ ആയിട്ടാണു തോന്നിയത്. അന്ന് രാത്രി പലപ്രാവശ്യം "അമ്മാ" ദയനീയമായ കരച്ചിലോടെ അവൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് കരഞ്ഞു കൊണ്ടിരുന്നു. ‘സ്വപ്‍നങ്ങൾക്കും ഹാംങ് വറോ’ ?

പിന്നീടുള്ള രാത്രികളിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. അതോടെ എല്ലാവരുടേയും കുറ്റപ്പെടുത്തലുകള്‍   എന്‍റെ നേരെ ആകാന്‍ അധികം സമയം വേണ്ടി വന്നില്ല. പതിവുള്ള കുസൃതിയും ചിരിയും വാശികളുമില്ലാതെ എന്തിനെയോ ഭയപ്പെടുന്ന മാതിരിയുള്ള അവന്‍റെ മുഖം കാണുമ്പോൾ, എന്നെ കൂടുതൽ ഭയപ്പെടുത്തുമായിരുന്നു. എന്നാലും ആ പുസ്തകത്തിലെ വില്ലനായ 'Vodemort' ആണോ വന്നത്, ഞാൻ ഇപ്പോൾ ശരിയാക്കി തരാമെന്ന് പറഞ്ഞു കൊണ്ട് അവനെ ആശ്വസിപ്പിക്കുമ്പോൾ, ജീവിതത്തിൽ  ഓരോ പുതിയ പരീക്ഷണങ്ങളും എവിടെ നിന്നാണ് വരുന്നതെന്നും അത് എങ്ങനെ കൈകാര്യം ചെയ്യേണ്ടതെന്നും എന്നറിയാതെ ഞാൻ വിഷമിച്ചു. എനിക്കാണെങ്കിൽ ചില രക്തരക്ഷസ്സുകളെ കുരിശ് കാണിച്ച് പേടിപ്പിക്കുന്ന ചില കഥകളാണ് അറിയാവുന്നത്.
പിശാചുകളുടേയും പ്രേതങ്ങളുടേയും കഥയുടെ പുസ്തകമാണോ, ഒരു കൊച്ചു കുട്ടിക്ക് വായിക്കാൻ കൊടുത്തതെന്ന് ചോദിച്ച്, ബന്ധുമിത്രാദികളും എനിക്ക് നേരെ നെറ്റി ചുളിച്ചു. ഏകദേശം 46 ദശലക്ഷം പകർപ്പുകളാണ് വിറ്റു പോയിട്ടുള്ളത്. 67  ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുള്ള പുസ്തകമാണ് പക്ഷെ ഇതൊക്കെ ആരോട് പറയാനാണ്. എന്തായാലും പേടിച്ച് കരയുന്ന അവനെ, ചിന്തകളിൽ നിന്നും   മാറ്റം വരുത്തുക എന്ന ലക്ഷ്യത്തിൽ ട്ടി.വി. യിലെ കാർട്ടൂൺ കാണിച്ച് കൊടുത്ത് അവശ്യത്തിനും അനാവശ്യത്തിനും തമാശ എന്ന് പറഞ്ഞ് ചിരിച്ച്, ഉറക്കം തൂങ്ങിയിരിക്കുന്ന അവനെ ചിരിപ്പിക്കാൻ ശ്രമിക്കുമായിരുന്നു.എന്നും കാർട്ടൂൺ ചാനലിനോട് "നോ" പറയുന്ന എനിക്ക് വന്ന മാറ്റം അവനെ കൂടുതൽ പേടിപ്പിച്ചോ അതോ ചിരിപ്പിച്ചോ എന്നറിയില്ല എന്നാലും അത്ഭുതത്തോടെ അവൻ എന്നെ നോക്കുമായിരുന്നു. ഈ പരിപാടി രാത്രിയിൽ പല പ്രാവശ്യവും ഉണ്ടാകുമായിരുന്നു. എനിക്ക് സഹനത്തിന്റെ നാളുകളായിരുന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ, പേടിയൊക്കെ മാറി അവൻ സുഖമായിട്ടുറങ്ങാൻ തുടങ്ങി.എന്നാലും അവൻ ഉറക്കത്തിൽ കരയുന്നുണ്ടോ എന്നറിയാനായി ഞാൻ പലപ്രാവശ്യവും അവൻ കിടന്നുറങ്ങുന്നത് പോയി നോക്കുമായിരുന്നു. അങ്ങനെ  വല്ല വിധത്തിലും ഹാരിപോർട്ടർ പുസ്തകത്തിലെ വില്ലനായ ''Vodemort' നെ ഞാൻ ഒതുക്കി എന്ന് തന്നെ പറയാം.
കാലം മാറി, കുട്ടികൾ വലുതായി കൂട്ടത്തിൽ ഞാനും. കൈയ്യിൽ ചട്ടുകം ഒക്കെ പിടിച്ച് "അബ്‌റാട്ടോ / അലാർറ്റെ' ഒക്കെ പറഞ്ഞിരുന്ന ഞാനിപ്പോൾ ചട്ടുകത്തിന് പകരം മൊബൈൽ ഫോൺ ആയിരിക്കും പിടിക്കുക. സാങ്കേതികവിദ്യയിൽ വന്ന മാറ്റം കൊണ്ടുള്ള സംശയങ്ങൾ 'ഗൂഗിൾ' നോക്കി മനസ്സിലാക്കി എടുക്കന്നതിനേക്കാളും എളുപ്പം  ഇന്ന് കോളേജിൽ പഠിക്കുന്ന അവനോട് ചോദിക്കുന്നതാണ്. പക്ഷെ അതിനായിട്ടു അവൻ കനിയണം. ഒരു പഞ്ച് ലൈൻ (Punch line) എന്ന രീതിയിൽ, 'ദയനീയമായ അമ്മാ ' വിളിയും വിളിക്കാൻ ഞാൻ മറക്കാറില്ല.
അല്ലെങ്കിലും സഹനത്തിന്റെ നാളുകൾ പിന്നിട്ടു കഴിയുമ്പോൾ ആ ഓർമ്മകൾക്ക് പ്രത്യേകിച്ചോരു  മധുരമുണ്ടാകുമല്ലോ. ഒരമ്മയുടെ റോളിൽ ഇരുന്ന് ഓർത്തിരിക്കാനുള്ള ചില നല്ല മുഹൂർത്തങ്ങളാണിതൊക്കെ. എനിക്കുറപ്പാണ് ഏതൊരു അമ്മയ്ക്കും പടിയിറങ്ങിയ കൊല്ലങ്ങളിലൂടെ തിരിച്ച് കേറുമ്പോൾ മനസ്സിലോർത്ത് വെക്കാനായിട്ട് ഒരു പാട് നല്ല മുഹൂർത്തങ്ങൾ അവർ നമ്മുക്ക് സമ്മാനിച്ചിട്ടുണ്ടാകും. ഇങ്ങനത്തെ ഓർമ്മകളും അവരെക്കുറിച്ചുള്ള ഉല്‍കണ്ഠകളും നെടുവീർപ്പുകളും എല്ലാം ഒരമ്മക്ക് സ്വന്തം, അല്ലെ ?

May 14, 2017 ..എല്ലാ അമ്മ മാര്‍ക്കും മാതൃദിനാശംസകള്‍
4/11/17

അവരുടെ വിശ്വാസമോ?

പ്രതീക്ഷിക്കാതെ ഒരവധി കിട്ടിയത് ആസ്വദിക്കാമെന്ന  മട്ടിലായിരുന്നു ഞാന്‍. രാവിലെ അഞ്ചു മണിക്ക് തന്നെ അറിയാതെ കണ്ണു തുറന്നെങ്കിലും ഡൽഹി യിലെ തണുപ്പും അവധിയായ്തിനാലും കമ്പിളിയുടെ അടിയിൽ  ചുരുണ്ടുകൂടി കിടന്നപ്പോഴാണ്, ആ പാട്ട്...ഹരേ രാമാ ഹരേ കൃ^ഷ്ണാ.....ഒരു കൂട്ടം ആള്‍ക്കാര്‍ പാട്ട് പാടി റോഡില്‍ കൂടി നടക്കുവാണ്. അവരുടെ പാട്ടിന് താളമായിട്ട് "Tambourine" ഉണ്ട്. എന്തു പറയാനാ ഈ കൊച്ചുവെളുപ്പാന്‍ കാലത്ത് 'റെസിഡൻഷ്  ഏരിയ'  യില്‍ കൂടി പാട്ടും ബഹളവുമായി  നാട്ടുകാരെ മുഴുവന്‍ ഉണർത്തിയാലെ  ഈ പ്രാർത്ഥന അതിൻ്റെ  പൂർണതയിൽ   എത്തുകയുള്ളോ,  ഈര്‍ഷ്യയോടെ ഓര്‍ത്തു പോയതാണ്.

പക്ഷെ ഞായറാഴ്‌ച കുർബ്ബാനക്കായി പള്ളിയിൽ ചെന്നപ്പോൾ ഉള്ള അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. ഞങ്ങൾ അഞ്ചു പേർ ഇരിക്കുന്ന ബെഞ്ചിലേക്കുള്ള ആറാമത്തെ ആളുടെ വരവ്. ഇവിടെ ഇരിക്കാൻ സ്ഥലമില്ല എന്ന് പറഞ്ഞെങ്കിലും ഒന്നും കേൾക്കുന്നതായിട്ടുള്ള ഭാവം ഇല്ല.

"മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്" (ലൂക്കാ 18:27)

എന്ന വിശ്വാസത്തിലായിരിക്കാം, അതോടെ എല്ലാവരും ഞരുങ്ങിയും ഞെങ്ങിയും അവർക്കും ഇരിക്കാനുള്ള സ്ഥലം ഉണ്ടാക്കി കൊടുത്തു. ബെഞ്ചിന്റെ ഒരറ്റത്ത് ഇരിക്കുന്ന എൻ്റെ കാര്യമാണ് കഷ്ടം.ഓരോത്തരുടെ ഒരു ചെറിയ അനക്കങ്ങൾ പോലും എന്നെ കൂടുതൽ പേടിപ്പിച്ചു.

"കർത്താവിൽ വിശ്വാസമർപ്പിക്കുന്നവൻ സുരക്ഷിതനത്രേ" (സുഭാ 29:25)

ആ വാചകം മനസ്സിലോർത്ത് സമാധാനിക്കുകയേ നിവൃത്തുയുള്ളൂ എന്നാലും ഒരു കരുതൽ എന്ന നിലയിൽ ബഞ്ചിന്റെ കൈവരിയിൽ ഞാൻ മുറുകെ പിടിച്ചു.

ആറാമത്തെ ആളുടെ വരവോടെ ബാക്കിയുണ്ടായിരുന്ന എല്ലാവരുടേയും ഭക്തി "ശടെ"ന്നു പോയി. കുർബ്ബാനക്കിടയിൽ നിൽക്കുകയും മുട്ടുകുത്തുക യുമൊക്കെ ചെയ്യേണ്ടതുണ്ട്. പക്ഷെ ഞങ്ങൾ ആറുപേരും ഏതോ സിമന്റ് ഇട്ട് ഉറപ്പിച്ച പോലെ ഒരേ ഇരുപ്പായി.കുറച്ചു സമയത്തിന് ശേഷം അമ്മയെ തപ്പി മകളും കൂടി വന്നതോടെ,ആ കുട്ടിയെ അവർ മടിയിലിരുത്തി. യാതൊരു കൂസലുമില്ലാത്ത അവരുടെ മുഖം കണ്ടപ്പോൾ, പഴയ  അംബാസിഡർ കാറിലുള്ള കല്യാണയാത്രകളാണ്, എനിക്ക് ഓർമ്മ വന്നത്.ആ കാറിന്റെ "സീട്ടിംഗ് കപ്പാസിറ്റി" യെ പറ്റി ആരും പറയുന്നത് കേട്ടിട്ടില്ല.ആർക്കെല്ലാം  യാത്ര ചെയ്യണമോ അവർക്കെല്ലാമായിട്ട് ആ "കാർ" റെഡിയാണ്.

"ചെയ്യേണ്ട നന്മ എന്താണെന്നറിഞ്ഞിട്ടും അത് ചെയ്യാതിരിക്കുന്നവൻ പാപം ചെയ്യുന്നു" (യാക്കോ 4:17)

എന്നാണല്ലോ, അവിടെ നിന്ന് എഴുന്നേറ്റ് പോയാലോ, എന്ന് ആലോചിക്കാതിരുന്നില്ല, അതിൻ്റെ മുന്നോടിയായി  ഞാൻ അവരെ കൂടുതൽ ശ്രദ്ധിച്ചു. പ്രായം കൊണ്ട് എന്നെക്കാളും ചെറുപ്പമാണ്. ഒരു ക്രിസ്താനി ആണെന്നറിയിക്കാനുള്ള മാലയും മോതിരവുമെല്ലാം ധരിച്ചിട്ടുണ്ട്. അങ്ങേയറ്റം ഭക്തിയോടെയാണിരുപ്പ്. ഞാനാണെങ്കിൽ ഏഴ് മണിയുടെ കുർബ്ബാനക്കായിട്ട്, അമ്മയോടപ്പം അഞ്ച് മണിക്ക് എണീറ്റ് അമ്മയെ സഹായിച്ച് അവരേയും കൊണ്ട് കുര്‍ബ്ബാനയ്ക്ക്  അരമണിക്കൂർ മുൻപേ തന്നെ എത്തിയതാണ്. പണ്ട് അപ്പന്റെ കൈ  പിടിച്ചാണ് ഞാൻ പള്ളിയിൽ വന്നിരുന്നെങ്കിൽ ഇന്ന് ഞാൻ അപ്പനെ കൈ പിടിച്ചു കൊണ്ടാണ് വന്നത്.പോരാത്തതിന് നടക്കാൻ സഹായത്തിനായിട്ടുള്ള "ഊന്ന് വടി" ഇടയ്ക്ക് ഒരു ആയുധം പോലെ ഉപയോഗിക്കാനും അപ്പന്  മടിയില്ല, അത് എവിടെ വെച്ചാണെങ്കിലും. അങ്ങനെ പരിത്യാഗങ്ങളുടെ കാര്യത്തിലാണെങ്കിൽ ഞാനും ഒട്ടും പുറകിലല്ല. ഞാൻ, എൻ്റെ ശരികളെ  പാറ പോലെ ഉറപ്പിച്ചെടുത്തു.

"നിന്നെപ്പോലെ തന്നെ  നിന്റെ അയൽക്കാരനേയും  സ്നേഹിക്കുക" (മാർക്കോ 12:31)

കുർബ്ബാനക്കഴിഞ്ഞ് യാത്ര പറയാനെന്നോണം, ഞാൻ അവരെ നോക്കി ചിരിച്ചു. പകയും വിദ്വേഷവും പ്രതിഫലിപ്പിക്കുന്ന നോട്ടമായിരുന്നു, തിരിച്ചുള്ള മറുപടി.

"നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു സമാധാനത്തോടെ പോവുക" (ലൂക്കാ 7:50)

സമാധാനത്തോടെയോ അല്ലാതെയോ പള്ളിയിൽ നിന്നും പുറത്തിറങ്ങുമ്പോൾ, ഞാൻ ഒരു തെറ്റുകാരി അല്ല എന്നാണ് എൻ്റെ വിശ്വാസം.

അതിഭക്തി, നമ്മുടെ ദേശീയ സ്വഭാവമാണെന്ന് പോലും എനിക്ക് ചിലപ്പോൾ തോന്നാറുണ്ട്. എന്നാലും മറ്റുള്ളവരെ ശല്യം ചെയ്യുന്നതരത്തിലുള്ള ഭക്തിയിലാണോ, അവരുടെ വിശ്വാസം ?

3/7/17

ചിന്താവിഷ്ടയായ വല്യഅമ്മച്ചി


ഭിത്തിയില്‍  തൂക്കിയിട്ടിരിക്കുന്ന ആ മിനുസമുള്ള പേപ്പർ (glossy) കൊണ്ടുള്ള കലണ്ടർ ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല. വല്ല ഹിന്ദി സിനിമാനടിയുടെയോ  അല്ലെങ്കിൽ  മോഡല്‍സ്‌, ന്‍റെ യോ ആകുമെന്നാണ് വിചാരിച്ചത്. അടുത്ത് പോയി നോക്കിയപ്പോളല്ലേ, അന്തം വിട്ടു പോയത് ! ആ വീട്ടിലെ, ഇപ്പോൾ ചായ കൊണ്ടു തന്ന ചേച്ചിയല്ലേ, ഓ, ചേച്ചിക്ക് ഇത്രയും ഗ്ലാമറോ? കണ്ടപ്പോൾ അസൂയ തോന്നി ട്ടോ. ചേച്ചിയുടെ മകന്റെ കല്യാണത്തിന്റെ പല ഫോട്ടോകൾ വെച്ച് കലണ്ടർ ഉണ്ടാക്കിയിരിക്കുവാണ്. പണ്ടൊയൊക്കെ ഫോട്ടോ എന്നു പറയുമ്പോൾ, "ഉള്ള കോലം അല്ലെ കാണാൻ പറ്റുള്ളൂ" എന്നായിരുന്നു. പക്ഷെ ഇന്ന് അങ്ങനെയാണോ, എല്ലാവരും  അസാമാന്യ സൗന്ദര്യത്തിന്റെ ഉടമകളായിട്ടാണ് നിൽപ്പ്.


കലണ്ടർ കണ്ടുകൊണ്ടിരിക്കുമ്പോൾ, ചേച്ചി പറഞ്ഞു, "അതിൽ ചിലതൊക്കെ, "ഫോട്ടോ ഷൂട്ട്" ന്റെ ആണ്".
കല്യാണം കഴിഞ്ഞിട്ടുള്ള ഹണിമൂൺ യാത്രയെ പറ്റി കേട്ടിട്ടുണ്ടെങ്കിലും "ഫോട്ടോ ഷൂട്ട്" എനിക്കും അവിടെ അതിഥിയായിട്ടുള്ള   വല്യമ്മച്ചിക്കും പുതുമയുള്ള കാര്യമായിരുന്നു.


കൂട്ടുകാരികളൊക്കെ ഊട്ടി, കൊടൈക്കനാളിലേക്കോക്കെ ഹണിമൂൺ യാത്ര പോയപ്പോൾ, വല്യമ്മച്ചിയെ കൊണ്ടുപോയത് മദ്രാസ്സിലേക്കാണ്, ഇത്രയും ചൂട് പിടിച്ച രാജ്യത്തേക്ക് കൊണ്ടുപോയത് പോരാത്തതിന് ആ തീവണ്ടിയാത്രയിൽ കംപാർട്ട്മെൻറിലാണെങ്കിൽ വെള്ളവുമില്ലായിരുന്നു. എല്ലാംകൂടി ആയിട്ട് ഹണിമൂൺ യാത്രയുടെ കലിപ്പ് ഇപ്പോഴും തീരാതെയാണ് വല്യമ്മച്ചി.
ഞാനാണെങ്കിൽ, "ഹണിമൂൺ" എന്ന വകുപ്പിൽ പെട്ട ഒരു യാത്ര നടത്തിയിട്ടില്ലെങ്കിലും ജോലിയുടെ ഭാഗമായിട്ടുള്ള സ്ഥലമാറ്റം കാരണം കുട്ടികളും പെട്ടികളും ഒക്കെയായി മൂന്നുനാലു രാജ്യങ്ങളിൽ  താമസിച്ചതു കൊണ്ടും കല്യാണ പിറ്റേന്ന് മുതൽ വീട്ടമ്മ എന്ന ലേബലിൽ ആയതിനാൽ   യാതൊരുവിധ പിരിമുറക്കങ്ങൾ ഇല്ലാതെ, ജീവിതം ആസ്വദിക്കുന്ന അല്ലെങ്കിൽ എന്നും ഹണിമൂൺ ലൈഫ് എന്നാണ് കൂട്ടുകാരന്റെ അഭിപ്രായം.


ഹണിമൂൺ കലിപ്പ് തീരാത്ത വല്യമ്മച്ചിയും എന്നും ഹണിമൂൺ ലൈഫ് എന്ന് അവകാശപ്പെടുന്ന ഞാനും കൂടി ആ വീഡിയോ കാണാൻ ഇരുന്നു. കല്യാണം കഴിഞ്ഞ പെണ്ണും ചെറുക്കനും ഒരു പാർക്കിലേക്ക് ഓടി വരുന്നു. പെണ്ണിനെ എടുക്കുന്നു കറക്കുന്നു ഉമ്മ വെക്കുന്നു പിന്നെയും ഓടുന്നു. നല്ല ഉഗ്രൻ ഇംഗ്ലീഷ് പാട്ടാണ്  പാശ്ചാത്തല സംഗീതം.അതിലെ വരികൾക്ക് അനുസരിച്ചാണ് സീനുകൾ. എന്തോ ബോധോദയം വന്ന പോലെ രണ്ടുപേരും കൂടി മീൻ പിടിക്കാൻ പോകുന്നു. ചൂണ്ട ഇട്ടെങ്കില്‍ കൊത്താം എന്ന മട്ടിലാണെന്ന് തോന്നുന്നു, മീനുകൾ. ചൂണ്ട ഇട്ടയുടൻ മീൻ റെഡി. ഉടൻ  അതിന്റെ സന്തോഷപ്രകടനം. കെട്ടിപ്പിടുത്തവും ഉമ്മ യുമൊക്കെ പുട്ടിന് തേങ്ങ ഇടുന്നതു പോലെയാണ്. വിറകെല്ലാം തപ്പി നടന്ന് മീൻ-നെ ചുട്ടെടുക്കുന്നു. "ഇവരൊക്കെ മീനിനെ പിടിച്ചാണോ ഭക്ഷണം കഴിക്കുന്നത്, വീട്ടിൽ അടുപ്പൊന്നുമില്ലേ?" വല്യമ്മച്ചി യുടെ ചില സംശയങ്ങൾ കേട്ട് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. അല്ലങ്കിൽ തന്നെ  സ്നേഹപ്രകടനങ്ങൾ കണ്ട് ഇഷ്ടപ്പെടാതെ ഇരിക്കുകയാണ്, വല്യമ്മച്ചി. പാട്ടിന്റെ ഇടയ്ക്ക് രണ്ടു മൂന്നു പ്രാവശ്യം വേഷം മാറിയത് വല്യമ്മച്ചിയെ ആകെ കൺഫ്യുഷനിലാക്കി. തുണി മാറണമെങ്കിൽ  ബീച്ചിലോ പാർക്കിലോ പോകണോ ? ജീവിതത്തിൽ ഇങ്ങനെയൊക്കെ ആവുമോ എന്നറിയില്ല എന്നാലും അതിലെ ഓരോ സീനുകളും ഒന്നിനൊന്ന് വ്യത്യസ്തവും വിസ്മയകരവുമായിരുന്നു. വല്യമ്മച്ചിയുടെ സംശയങ്ങളിലെ കോമഡി കൂടി ആയപ്പോൾ ഒരു സിനിമ കാണുന്നത് പോലെ തോന്നി.


വീഡിയോ കാണുന്നതിനിടയ്ക്ക് അതിലെ നായകനും നായികയും അവിടെ വന്നിട്ടുണ്ടായിരുന്നു. കല്യാണത്തിന് ഫോട്ടോ എടുക്കുന്നതിലെ പാക്കേജിൽ ഉൾപ്പെട്ടിട്ടുള്ളതാണ് ഈ "ഫോട്ടോ ഷൂട്ട്." കണ്ടപ്പോൾ രസകരവും ബാലിശമായിട്ടാണ് തോന്നിയത്. വെയിലത്ത് കൂടിയുള്ള ഷൂട്ടിംഗ്‌ യും അവരുടെ ജോലിയുടെ ഇടയ്ക്ക് "ലീവ്" എടുക്കേണ്ടി വന്നതിനെകുറിച്ചുമായിട്ട്, അവർക്കും ആവലാതികൾ പറയാനേറെയുണ്ട്. എന്നാലും അവർ "ഹാപ്പി" ആണ്. അവരുടേതായ പുതിയ ലോകത്തിലെ വലിയ വിജയങ്ങളിലെത്താനുള്ള പ്രതീക്ഷയിലാണ് രണ്ടുപേരും.പത്തമ്പതു  വർഷം അതിയാന്റെ കൂടെയുള്ള ജീവിതവും മക്കളും ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകുന്ന പേരക്കുട്ടികളും അവരുടെ കുട്ടികളൊക്കെയായിട്ടുള്ള വല്യമ്മച്ചി, പഴയതും പുതിയതുമായ എന്തൊക്കെയോ കാര്യങ്ങൾ ചിന്തിച്ച് അതിന്റെ ക്ലേശത്തിൽ ജീവിതം തന്നെ മടുത്ത രീതിയിലാണ് പെരുമാറ്റം. അതുകൊണ്ടായിരിക്കാം പുതിയ അറിവ് കിട്ടിയ രീതിയിൽ വല്യമ്മച്ചി എൻ്റെ ചെവിയിലായിട്ട് ചോദിച്ചു, "ഇങ്ങനെയൊക്കെ ഓടിയാൽ സ്നേഹം കൂടുമോ?"


വല്യമ്മച്ചിക്ക് ഓടാനോ അതോ ബാക്കിയുള്ളവരെ ഓടിക്കാനാണോ എന്നറിയില്ല അതുകൊണ്ട് തന്നെ മറുപടി കൊടുക്കാതെ ഞാൻ ചിരിച്ചു. അതേ, ഇന്നത്തെ പുതിയ തലമുറകളുടെ ആശയങ്ങളോട് പൊരുത്തപ്പെടാനാകാതെ, വല്യമ്മച്ചി ആകെ ചിന്താകുഴപ്പത്തിലാണ്.

1/11/17

പോണ്ടിച്ചേരി

ശ്യാമസുന്ദര കേരകേദാര ഭൂമി ......കണ്ണെത്താദൂരം നീണ്ടുകിടക്കുന്ന ടാറിട്ട റോഡും ഇരുവശങ്ങളിലെ കരിമ്പിൻ പാടങ്ങളോ അല്ലെങ്കിൽ അതു പോലത്തെ ഏതെങ്കിലും കൃഷി പാടങ്ങൾ ....  കൊച്ചിയിൽ നിന്നും പോണ്ടിച്ചേരി യിലേക്കുള്ള യാത്രയിൽ, ആ പ്രകൃതിദത്തമായ സൗന്ദര്യം കണ്ടപ്പോൾ ....ആ വരികൾക്ക് കൂടുതൽ ഉചിതമായതവിടെയാണന്ന് തോന്നിയ നിമിഷങ്ങൾ!

2006 യോടെ പുതുച്ചേരി എന്നറിയപ്പെടുന്ന പോണ്ടിച്ചേരി ഏറെക്കാലം ഫ്രഞ്ച് അധീനതയിലായിരുന്നു.അവരുടേതായ സംസ്കാരവും പാരമ്പര്യവും ഇന്നും നിലനിറുത്തുന്ന നഗരങ്ങളില്‍ ഒന്നാണ് പോണ്ടിച്ചേരി.നിര്‍മ്മാണശൈലിയില്‍ ഫ്രഞ്ച്സ്വാധീനമുള്ള കെട്ടിടങ്ങളുമൊക്കെ ഇന്നും അവിടെ കാണാവുന്നതാണ്‌.

ബോട്ടാനിക്കല്‍ ഗാര്‍ഡന്‍, പഴയപള്ളികള്‍,ക്ഷേത്രം, ബീച്ചുകള്‍, 4അടി വലിപ്പമുള്ള ഗാന്ധിയുടെ പ്രതിമ ...... വിനോദസഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുന്ന പലതും ഉണ്ടെങ്കിലും "അരബിന്ദോ ആശ്രമം ആണ്, എന്നെ കൂടുതൽ സ്വാധീനച്ചത്.ദേശികളെക്കാളും കൂടുതൽ വിദേശികളെയാണ്, മഹർഷിയുടെ പൂക്കൾ കൊണ്ട് അലങ്കരിച്ച കല്ലറയ്ക്കൽ ചുറ്റും ധ്യാനത്തിലിരിക്കുന്നത് കണ്ടത്.അവിടെ തന്നെയുള്ള ലൈബ്രറിയിൽ അദ്ദേഹത്തിന്റെ കൃതികൾ. ഇംഗ്ലീഷിൽ മാത്രമല്ല ലോകത്തുള്ള എല്ലാ ഭാഷകളിലും വിവർത്തനം ചെയ്തിരിക്കുന്നു. അതൊക്കെ ഒരു കൗതുകമായി തന്നെ തോന്നി.ഞാൻഅദ്ദേഹത്തെക്കുറിച്ച് അറിയുന്നത് അപ്പോഴാണെങ്കിലും ഇത്രയധികം ആളുകളെ സ്വാധീനിച്ച വ്യക്തി എന്ന നിലയിൽ, ആ ആശ്രമം സന്ദർശിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായിട്ട് തന്നെ കരുതുന്നു.

   പിന്നീട് പുതുമ തോന്നിയ മറ്റൊരു കാര്യം സൈക്കിൾ / ബൈക്കോ വാടകക്കെടുത്ത്‌ ഓടിക്കുന്നതാണ്.ബൈക്ക്  ഓടിക്കാനായിരുന്നു  കൂട്ടത്തിലെ എല്ലാവര്ക്കും താല്പര്യം. ഏതാനും മണിക്കൂറിനായോ/ ദിവസങ്ങള്‍ക്കായോ വാടയ്ക്ക് കിട്ടുന്നതാണ്.ഹെൽമെറ്റ് -നെ പറ്റി ചോദിച്ചപ്പോൾ -പറഞ്ഞത്, ഏതൊരു റോഡിലും 500 മി. അകത്ത് ക്രോസ്സ് റോഡ് വരുന്നുണ്ട് അതുകൊണ്ട് ആർക്കും സ്പീഡിൽ ഓടിക്കാൻ പറ്റില്ല.ഹെൽമെറ്റിന്റെ ആവശ്യം ഇല്ല. കേട്ടപ്പോൾ തമാശ ആയിട്ട് തോന്നിയെങ്കിലും അതൊരു വീരസാഹസികപ്രവൃത്തി ആയിരുന്നു എന്ന് പിന്നീട് യാത്ര ചെയ്തപ്പോൾ മനസ്സിലായി.ട്രാഫിക്ക് സിഗ്നലിന്റെ അവിടെ മാത്രമേ റോഡ് നിയമങ്ങൾ പാലിച്ചിരുന്നുള്ളൂ.ബാക്കിയുള്ളയുടെത്തെല്ലാം സ്വന്തം ഇഷ്ടപ്രകാരമായിരുന്നു. അമ്മേ, ഈശ്വരാ .....എന്നൊക്കെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വിളിച്ചത്, ബൈക്കിന്റെ പുറകിലത്തെ സീറ്റിൽ ഇരുന്നുള്ള ആ യാത്രയിൽ ആയിരുന്നു.

ആനന്ദഭവൻ, ശരവണ ഭവൻ .......നമ്മുടെയൊക്കെ ഓർമ്മവെച്ച നാൾ മുതൽ പേര് കേട്ട വെജ്ജ് ഭക്ഷണശാലകൾ എങ്ങും എവിടേയും കാണാം.ഉച്ചഭക്ഷണത്തിനായി "താലി അല്ലെങ്കിൽ സ്‌പെഷ്യൽ താലി " ഏതാണെന്ന് അറിയിച്ചാൽ, ഒരു വലിയ പ്ളേറ്റിൽ ചോറും അതിനകത്ത് തന്നെ കൊച്ചു പാത്രങ്ങളിലായി പലതരം കറികളുമായിട്ടുള്ള ആ പാത്രം കിട്ടിക്കഴിഞ്ഞാൽ ഒരുപക്ഷെ നമ്മൾ തന്നെ അറിയാതെ ഒരു മത്സരബുദ്ധിയോടെയായിരിക്കും  അതിനെ നേരിടുന്നത്.ആവി പറക്കുന്ന ചോറും കറികളും തീരുന്നത് അനുസരിച്ച് വീണ്ടും നിറയ്ക്കാനായി കാത്ത് നിൽക്കുന്ന ഹോട്ടൽ ഭടന്മാരും.ഇതൊക്കെ കാണുമ്പോൾ ഇന്ത്യയിൽ എവിടെയാണ് ദാരിദ്ര്യം എന്ന് സ്വയം ചോദിച്ച് പോകും.ഭക്ഷണം നിറയ്ക്കാനായിട്ട് ഹോട്ടലിൽ ഉള്ളവർ നമ്മളെ നോക്കി നിൽക്കുന്നത് പോലെ തന്നെ മറ്റൊരു കൂട്ടരും നമ്മുടെ കഴിക്കുന്ന രീതിയും കഴിച്ച അളവും പ്ളേറ്റിലെ ബാക്കി ഭക്ഷണവും നോക്കി നിൽപ്പുണ്ടാവും. അവർ അപകടകാരികൾ അല്ല. ഇരുന്ന് കഴിക്കാനൊരു സ്ഥലം അത് സംഘടിപ്പിക്കാനുള്ള തന്ത്രപ്പാടിലാണ്.നമ്മൾ പോകുന്നതോടെ, കസേരക്കളിക്ക് വിസിൽ അടിച്ചത് പോലെയാണ്, പലരും പല ഭാഗത്ത് നിന്ന് ഓടിവരുന്നത് കാണാം.ചിലരാണെങ്കിൽ നമ്മുടെ അടുത്ത് വന്ന് നമ്മളെ തന്നെ തുറിച്ച് നോക്കി കൊണ്ടിരിക്കും അതോടെ നമ്മൾ  സ്വമേധയാ സ്ഥലം വിട്ടു പോകും എന്നുള്ളത് മറ്റൊരു കാര്യം, അവിടെ വിജയി ആരെന്ന് സുനിശ്ചിതം!

പഴയ ഫ്രഞ്ച് മാതൃകയിൽ ഉള്ള  കെട്ടിടങ്ങൾ  പലതും ഇന്ന് ഫ്രഞ്ച് ഭക്ഷണശാലകളാക്കിയിരിക്കുകയാണ്.ഫ്രീ "wi-fi"അതാണ് അവരുടെ  പ്രത്യേകത. പാസ്സ്‌വേർഡ്‌, പരസ്യമായി എഴുതി വെച്ചിട്ടുണ്ട്.ആ അന്തരീക്ഷവും ഭക്ഷണവും ആസ്വദിക്കൂ എന്ന നിലപാടിലാണ് ഉടമസ്ഥരും ഉപഭോക്താവും. വന്നവരിൽ പലരും വിദേശികളാണ്. മിക്കവരും അവരുടെ കമ്പ്യൂട്ടറിലോ അല്ലെങ്കിൽ അതു പോലത്തെ ഉപകരണങ്ങളുമായി തിരക്കിലാണ്.ഇന്നത്തെ കാലത്ത് ഭക്ഷണത്തേക്കാളും പ്രധാന്യം :ഫ്രീ "wi-fi"ആയതുകൊണ്ട്, ഏതാനും അങ്ങനത്തെ ഭക്ഷണശാലകൾ സന്ദർശിക്കാനുള്ള അവസരം എനിക്കും കിട്ടി.ചോറിനേക്കാളും പ്രധാന്യം ഉറുള ൻക്കിഴങ്ങ്-ആണ്. അത് പുഴുങ്ങിയോ വറുത്തോ(French fries) തരുന്നുണ്ട്.വെജ്ജോ നോൺ വെജ്ജോ കൂടെ സോസ്, ചീസ് .....അങ്ങനെ കഴിക്കേണ്ട എല്ലാവിധ സാധനങ്ങളും 2 റൊട്ടിയുടെയോ / ബണണു-കളുടെയോ  ഉള്ളിലാക്കി ഒരു ഗുളിക രൂപത്തിലെന്ന പോലെ സാൻഡ്വിച്ച്/ ബർഗർ ആക്കി കഴിക്കുന്നതും അവരുടെ ശൈലി.ഗ്രില്ലിംഗും ബേക്കിംഗും ചെയ്ത മീനും ഇറച്ചിയും സ്വാദുള്ളവ തന്നെയാണ്.റെസ്റ്റോറന്റിലെ ഭക്ഷണവിവരപ്പട്ടികയിൽ അധികവും ഫ്രഞ്ച് പേരുകൾ ആയതിനാൽ അതൊന്നും വായിച്ച് ഞാൻ സമയം കളഞ്ഞില്ല.കൂട്ടത്തിൽ ഉള്ളവർ ഓർഡർ ചെയ്തത് ഞാനും കഴിച്ചു എന്ന് പറയാം. 2 ഭോജനശാലകളിലും പൊതുവായി കണ്ടത് മെനു കാർഡിനൊപ്പം 500 / 1000 രൂപയുടെ നോട്ടുകൾ സ്വീകരിക്കുന്നത് അല്ല എന്ന് പറഞ്ഞുകൊണ്ടുള്ള നോട്ടീസിന്റെ വിതരണമാണ്.അല്ലെങ്കിൽ വൈറ്റ് സിറ്റി (ഫ്രഞ്ച് ജനത താമസിക്കുന്ന ദേശം) ബ്ളാക്ക് സിറ്റി  (ഇന്ത്യൻ ജനത താമസിക്കുന്ന  ദേശം ) അറിയപ്പെടുന്നതു പോലെയുള്ള വ്യത്യാസം രണ്ട് സ്ഥലത്തും ഉണ്ട്.

ഞാറാഴ്ചക്ക് മുൻപേ തിരിച്ച് പോകേണ്ടതു കൊണ്ട്, പേര് കേട്ട ഞായറാഴ്ച മാർക്കറ്റു സന്ദർശിക്കാൻ കഴിഞ്ഞില്ല.യാത്രകൾ എനിക്കിഷ്ടമാണ്. പുതിയ കുറെ കാഴ്ചകളും അനുഭവങ്ങളുമായി ആ നഗരത്തോട് യാത്ര പറഞ്ഞ് വീണ്ടും പഴയ ദിനചര്യയിലേക്ക് !!!!

11/29/16

സലെബ്രിറ്റി

പുലിക്കളിയോട് സാമ്യമുള്ള ഷർട്ടും തൊപ്പിയും നല്ല കറുത്ത കണ്ണാടിയും ധരിച്ച് വണ്ടിയിലേക്ക് കേറി വരുന്ന  ആ ചെറുപ്പക്കാരനെ ശ്രദ്ധിക്കാതിരിക്കാൻ  കഴിഞ്ഞില്ല. അത്രയും നേരം ഭർത്താവുമായി കൊഞ്ചിയും കുഴഞ്ഞും ഇരുന്ന എന്റെ അടുത്ത സീറ്റിലെ പെൺകുട്ടി, അയാളെ കണ്ടതും ഒറ്റ കുതിപ്പിന് അവന്റെ അടുത്തെത്തി, സൗഹൃദസംഭാഷണത്തിലും അവനുമായിട്ടുള്ള സെൽഫിയുടെ ലോകത്തായി.ഇന്നത്തെ യാത്രകളിൽ മിക്കവരും അവരവരുടെ ലോകത്തായിരിക്കും. ഒരു പരിചയഭാവമോ സൗഹൃദസംഭാഷണത്തിനോ ആരും തയ്യാറല്ല.എല്ലാവരും മൗനത്തിന്റെ ഒരു കോട്ട കെട്ടി ആരോട് പിണങ്ങി ഇരിക്കുന്നതു പോലെയാണ്.യാത്രകളിൽ മിക്കവാറും ആളുകളെയും അവരുടെ ഭാവങ്ങളേയും നോക്കിയിരിക്കാൻ എനിക്കിഷ്ടമാണ്.അടുത്തിരിക്കുന്നവർ കല്യാണം കഴിഞ്ഞ് വല്ല"ഹണിമൂൺ ട്രിപ്പ്" ന് പോകുന്നവരായിട്ടാണ്, ഞാൻ വിചാരിച്ചിരുന്നത്. ആ അവളാണോ, തൊപ്പിക്കാരനുമായിട്ട് "സെൽഫി എടുക്കുന്നത്..? സെൽഫിയിലെ   "പോസ്സുകളായ രണ്ടു പേരുടെ മുഖം ചേർത്തു വെച്ചതും, തോളിൽ കൈയ്യിട്ടുള്ള പോസ്സുകൾ എന്നെ കൂടുതൽ മാനസികപിരിമുറക്കത്തിലാക്കി. പഴയകാല സിനിമയിൽ ആണെങ്കിൽ അങ്ങനത്തെ ഒരു ഫോട്ടോയാണ്, കഥയിലെ പ്രധാന വില്ലന്‍. ആ നായികമാർക്ക് വേണ്ടി എന്തുമാത്രം കണ്ണുനനച്ചിരിക്കുന്നു എന്നെപ്പോലെയുള്ളവര്‍. അതു കൊണ്ട് തന്നെ അവളുടെ ഭർത്താവിന്റെ മുഖഭാവത്തെ ഞാൻ ഇടംകണ്ണിട്ട് നോക്കി, അവിടെ  വലിയ കോളിളക്കമൊന്നും കാണാത്ത കാരണം ആ തത്സമയ പരിപാടികളിൽ ഞാനും ആസ്വാദകനായി!

ആകാംക്ഷയോടെയുള്ള "അതാരാ" എന്ന ചോദ്യം. തിരിച്ചു വന്നിരുന്ന പെൺകുട്ടിയോട് ആയിരുന്നെങ്കിലും സെൽഫി എടുത്ത് തിരിച്ച് പോകുന്ന ഒരു ചെറിയ കുട്ടി, അയാളുടെ പേര് പറഞ്ഞു തന്നു.അതാരാണ് എന്നായി അടുത്ത ചോദ്യം.MTV യിലെ ഒരു അവതാരകനാണ്.കൂട്ടത്തിൽ എന്നോട് ഒരു ചോദ്യവും, ആന്‍റിക്ക് ഇവരെയൊന്നും അറിഞ്ഞുകൂടേ- "ഇല്ല-എന്ന് തലയാട്ടി കാണിച്ചെങ്കിലും. എന്റെ ജി.കെ (general knowledge) യുടെ കാര്യത്തിൽ ഞാൻ ആകെ ചെറുതായതു പോലെ തോന്നി.പണ്ട് ഡൽഹി കാണാൻ വന്ന കുടുംബത്തിലെ കുട്ടിക്ക്, നെഹ്‌റു ഗാന്ധി, ഇന്ദിരാ ഗാന്ധി യുടെയൊക്കെ മ്യൂസിയം കാണാൻ പോയപ്പോൾ അവരെപ്പറ്റി മൊത്തം "കൺഫ്യൂഷൻ " ആയിരുന്നു. അതൊക്കെ മനസ്സിലാക്കി കൊടുത്തത് ഞാനായിരുന്നു.പൊതുവെ റ്റി.വി പരിപാടികളോട് താത്പര്യം ഇല്ലാത്തതു കൊണ്ട് ഇങ്ങനത്തെ "ഷോ" കൾ കാണാറില്ല. അതുകൊണ്ട് ഉണ്ടായ നാണക്കേടാണിത്. ഇനി ഇതൊക്കെ ആരോട് പറയാൻ, അല്ലെങ്കിലും ഇന്നത്തെ കാലത്ത് അവരെക്കാളും പ്രാധാന്യം ഇവർക്കാണല്ലോ! ഒരുപക്ഷെ ഞാൻ തന്നത്താൻ മനസ്സമാധാനം കാണുകയായിരുന്നു.

മിക്കവരും അവനുമായിട്ടുള്ള സെൽഫിയുടെ തിരക്കിലാണ്.എല്ലാവരോടും വിനയാന്വിതനായിട്ടാണ് പെരുമാറ്റമെങ്കിലും ആളുകളുടെ ശ്രദ്ധപിടിച്ചെടുക്കാനായിട്ട് തെരഞ്ഞെടുത്ത വേഷവിധാനങ്ങളിൽ അവൻ വിജയിച്ചിരിക്കുന്നു.വലിയ വൃത്താകൃതിയിലുള്ള തൊപ്പി കാണാൻ ആകർഷണമാണെങ്കിലും അനുസരണയില്ലാത്ത കൊച്ചുകുട്ടിയെ പോലെയായിരുന്നു. തലയുടെ ഓരോ അനക്കത്തിലും അടുത്തുള്ളവരുടെ കണ്ണാടിയുടെ സ്ഥാനം തെറ്റിക്കുകയും പലരുടെ മുഖത്തും പോറലുകളുണ്ടാക്കി.എന്നാലും പലർക്കും തൊപ്പി വെച്ചിട്ടുള്ള അവതാരകന്റെ കൂടെയുള്ള സെൽഫിക്കാണ് ഡിമാന്‍ഡ്.അദ്ദേഹം, അടുത്ത പ്രോജക്ട് -നെ കുറിച്ചും ഇപ്പോഴത്തെ പരിപാടിയിലെ തമാശകളെ കുറിച്ചും  ചില നാട്ടുകാരെ കണ്ടുപിടിച്ച് അവിടത്തെ വിശേഷങ്ങൾ ആരായുന്നുണ്ടെങ്കിലും അതിലൊക്കെ ആർക്കെങ്കിലും താത്പര്യമുണ്ടെന്ന് തോന്നുന്നില്ല.പലർക്കും എടുത്ത ഫോട്ടോ, കൂട്ടുകാർക്ക് അയച്ചു കൊടുക്കുന്നതിനും അതിലെ കമന്റ്സ് -നുമാണ് പ്രാധാന്യം.


 എന്തൊക്കെയാണെങ്കിലും "സലെബ്രിറ്റി'യുടെ വരവോടെ, യാത്രക്കാരെല്ലാം ഉഷാറായി. കേട്ടും കണ്ടും അറിഞ്ഞ് വന്ന ആളുകൾ അദ്ദേഹത്തിന്റെ ചുറ്റും എപ്പോഴും ഉണ്ടായിരുന്നു.  എത്ര പെട്ടെന്നാണ് എല്ലാവരും അവരവരുടെ മൗനത്തിന്റെ കോട്ടയിൽ നിന്നും പുറത്തിറങ്ങിയത്.

എന്റെ യാത്ര ഇത്രയും രസകരമാക്കി തന്നതിന്റെ നന്ദി സൂചകമായി, ഞാനും ഒരു "ഷേക്ക് ഹാൻഡ് കൊടുത്ത്, അദ്ദേഹത്തോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ, മനസ്സിലറിയാതെ വന്ന വരികൾ
കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ 
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍ 
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍
മാളിക മുകളേറിയ മന്നന്റെ തോളില്‍
മാറാപ്പു  കെട്ടുന്നതും  ഭവാന്‍

9/29/16

80Gഉച്ച ഉറക്കത്തിന്റെ ആലസ്യത്തിലാണ് കതക് തുറന്നത്. പരിഷ്ക്കാരികളായ രണ്ടു ചെറുപ്പക്കാരികളാണ് അവിടെ ഉണ്ടായിരുന്നത്. എന്നെ കണ്ടയുടൻ -അമ്മ എവിടെ, അമ്മയെ വിളിക്കാമോ ?'

ആരുടെ അമ്മ ? എന്റെ അമ്മയോ ? എങ്ങനെ അറിയാം ?

എന്റെ ഇംഗ്ലീഷും അവരുടെ ഹിന്ദിയും പിന്നെ എന്റെ ഹിന്ദിയും അവരുടെ ഇംഗ്ലീഷും -അങ്ങനെ ഭാഷയിലെ വ്യത്യാസം ഞങ്ങളെ ആകെ ആശയക്കുഴപ്പത്തിലാക്കി.
പരിചയമില്ലാത്ത ശബ്ദം കേട്ടിട്ടാവും മകനും കാര്യം അന്വേഷിച്ച് അവിടെ എത്തി.

"ഓ! ചേച്ചി യാണോ വീട്ടിലെ അമ്മ, ഞങ്ങൾ ഓർത്തു .....അത്രയും നേരം "ദീദി" എന്ന് വിളിച്ചിരുന്നവർ പിന്നീട്  ആന്റി വിളിയിലോട്ട് മാറാൻ അധിക സമയം വേണ്ടിവന്നില്ല.ആശയക്കുഴപ്പവും അതിലെ തമാശയുമൊക്കെ ആസ്വദിച്ചു വന്നപ്പോഴേക്കും ഞങ്ങൾ നാലു പേരും സ്വീകരണ മുറിയിലെ സോഫയിൽ ഇരിപ്പായി.

ഒരു ചെറുപ്പക്കാരി മകനോടായി -" അമ്മയെ പറ്റി എന്താണഭിപ്രായം, ഒരു പക്ഷെ അമ്മയില്ല എന്ന് വിചാരിച്ചു നോക്കൂ "

ങേ, വടി പോലെ മുൻപിൽ ഇരിക്കുന്ന ഞാൻ ഇല്ലാതാവുകയോ -അവന് ഒരു പിടിയും കിട്ടിയില്ല.

ഉറങ്ങികിടന്ന എന്നെ "കാളിങ് ബെല്ലടിച്ച് എണീപ്പിച്ച്   വല്ല "ശവപ്പെട്ടിയിൽ കിടത്താനാണോ ...ദൈവമേ, വട്ടാണോ .......കാര്യം അറിയാതെ ഞങ്ങൾ രണ്ടുപേരും വീണ്ടും ആശയക്കുഴപ്പത്തിലായി!

അവധിദിനമായതു കൊണ്ട് വീട്ടിലുണ്ടായിരുന്ന ഭർത്താവും ഈ സംഭാഷണങ്ങൾ കേട്ടിട്ടാവും സ്വീകരണമുറിയിൽ എത്തി. I.T co യിൽ ജോലി ചെയ്യുന്ന അവർ, മാതൃദിനമായ അന്ന് ഏതോ ചാരിറ്റബിൾ സ്ഥാപനത്തിന് വേണ്ടി പിരിവിന് വേണ്ടി ഇറങ്ങിയതാണ്. .സ്ഥാപനത്തെ കുറിച്ചുള്ള ലഘുരേഖകളും വിവരണപത്രവും കാണിച്ചു തന്നു. അവിടെയുള്ള കുട്ടികളെ പറ്റിയും അവരുടെ ഭാവിയെ കുറിച്ചുമാണ് അവർ സംസാരിച്ചിരുന്നത്..അഭിനന്ദീനമായ അവരുടെ ആ   പ്രവൃത്തി ഞങ്ങളെ അത്ഭുതപ്പെടുത്തി പ്രത്യേകിച്ചും ഇന്നത്തെ പുതിയ തലമുറയിലെ ചെറുപ്പക്കാരികൾ ! പക്ഷേ സംഭാവനയ്ക്കായി മേടിക്കുന്ന തുകയ്ക്കുള്ള രസീതിൽ, ആ സ്ഥാപനം രജിസ്റ്റർ ചെയ്ത സംഖ്യ(number) ഇല്ലായിരുന്നു. ഭർത്താവ് അവരോട് അതിനെപ്പറ്റി ചോദിച്ചപ്പോൾ, അവർക്കും അങ്ങനത്തെ അറിവ് ഒന്നും ഇല്ല.

അതോടെ ഞങ്ങൾക്കും അവരോടുള്ള ബഹുമാനം കുറഞ്ഞു തുടങ്ങിയോ എന്ന് സംശയം. അപ്പോഴേക്കും കൂട്ടത്തിലെ ഒരു കുട്ടിക്ക് ബാത്ത് റൂം യിൽ പോകണം മറ്റേയാൾക്ക് കുടിക്കാൻ വെള്ളവും വേണം പിന്നീടുള്ള വർത്തമാനത്തിൽ നിന്ന് മനസ്സിലായി രാവിലെ മുതൽ ഇങ്ങനെ നടന്ന കാരണം ഉച്ചഭക്ഷണം കഴിച്ചിട്ടില്ലെന്ന്.അങ്ങനെ വിശപ്പ്, ദാഹം, ബാത്ത്റൂം എല്ലാത്തിനും പരിഹാരങ്ങൾ ചെയ്തു കൊടുക്കുമ്പോഴും അവർ ആ സ്ഥാപനത്തെപ്പറ്റി വായ്തോരാതെ പറയുന്നുണ്ട്.ഇന്ത്യ പോലെയുള്ള  ഒരു രാജ്യത്ത് ഇങ്ങനത്തെ ഒരു രസീത് പുസ്തകം അച്ചടിക്കാനാണോ പ്രയാസം "? എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം.ഭർത്താവിൽ നിന്നും അനുകൂലമായ മറുപടി കിട്ടാത്തതു കൊണ്ടാവും അവർ എന്നോടായി പറഞ്ഞു - " ആന്റി, ഇതിന് 80G ഉണ്ട് ". ഒരു വീട്ടമ്മ ആയതു കൊണ്ട് അതിനൊന്നും എനിക്ക് വലിയ പ്രാധാന്യമില്ല .നിസ്സാഹായതോടെ അവരെ നോക്കി പുഞ്ചിരിച്ചപ്പോഴും, ഞാന്‍- എന്‍റെ ഭാവിയെക്കുറിച്ച് വ്യാകുലപ്പെടുകയായിരുന്നു. പരിചയമില്ലാത്ത ഇവര്‍ക്ക് മുന്നില്‍ വാതില്‍ തുറന്നതിന്, അവരെ വീട്ടിനകത്തോട്ട് കയറ്റിയതിന്,...  ഇവർ പോയിക്കഴിയുമ്പോൾ എനിക്ക് കിട്ടാൻ പോകുന്ന വഴക്കിന്റെ അളവിനെ കുറിച്ചോർത്താണ്, ഞാൻ കൂടുതൽ അസ്വസ്ഥമായത്. പലപ്പോഴും മകനും ഭർത്താവും അതിന്റെ മുന്നോടിയായി രൂക്ഷത്തോടെ എന്നെ നോക്കുന്നുണ്ട്. ആ 2 ചെറുപ്പക്കാരികളും നല്ലൊരു തട്ടിപ്പ് സംഘത്തിന്റെ കണ്ണികളായിട്ടാണ് തോന്നിയത്. ഒരു പക്ഷെ അവർ അറിഞ്ഞോ അറിയാതെയോ ആയിരിക്കാം.

കുറച്ച് നാളുകൾക്ക് ശേഷം അത്യാവശ്യമായി പുറത്ത് പോകാനായി തയ്യാറായി കൊണ്ടിരിക്കുമ്പോഴാണ് "കാളിങ് ബെൽ "കേട്ടത്. ബാൽക്കണിയിലൂടെ നോക്കിയപ്പോൾ, മാന്യമായി വസ്ത്രധാരണം ചെയ്ത ഒരു ചെറുപ്പക്കാരിയാണ്.എന്നെ കണ്ടയുടൻ -"ആന്റിയുടെ അച്ഛന് ജോലിയാണോ ബിസിനസ്സ് ആണോ?

അന്ന് "ഫാദേഴ്സ് ഡേ " ആയതു കൊണ്ട് ആ ചോദ്യങ്ങളുടെ പരിണിതഫലം എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.അതുകൊണ്ട് കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളുമായി മുന്നോട്ട് പോകാതെ തന്നെ ഞാൻ അവരെ യാത്രയാക്കി.പോകുന്ന സമയത്ത് അവരും എന്നോട് പറഞ്ഞു -"ആന്റി 80 G" ഉണ്ട്.

80 G, 1961 - നിലവിൽ വന്നതാണെങ്കിലും, ഞാൻ അതിനെപ്പറ്റി ശ്രദ്ധിക്കുന്നത് അന്നാണ്.പിന്നീടങ്ങോട്ട് ധനസഹായം ആവശ്യപ്പെടുന്ന എവിടെയും  അത് ആരാധനാലയങ്ങൾ , വിദ്യാഭ്യാസസ്ഥാപനങ്ങൾ ഷോപ്പിംഗ് മാളുകളിൽ പോലും സംഭാവന ചോദിക്കുന്നവർ എല്ലാവരും 80 G യേയും കുറിച്ചു ഓർമ്മപ്പെടുത്താറുണ്ട്.കേൾക്കുമ്പോൾ അരോചകം ആയി തോന്നാറുണ്ടെങ്കിലും  അവർ തമ്മിലുള്ള ബന്ധം കണ്ടാൽ "സിം ഇല്ലാത്ത മൊബൈൽ ഫോൺ പോലെയാണ്.

വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുതെന്ന പ്രമാണത്തിലാണ് വീട്ടിൽ വളർത്തിയിരുന്നത്.അതു കൊണ്ട് തന്നെ ദാനധർമ്മങ്ങൾക്ക് ആവശ്യത്തിലേറേ വാർത്തകൾ പത്രത്തിൽ ഫോട്ടോ സഹിതം കാണുമ്പോൾ  പുച്ഛമാണ് തോന്നിയിട്ടുള്ളത്.പക്ഷെ ഇന്ന് ദാനധർമ്മം എന്നത്  മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുന്നു.

സംഭവിച്ചതെല്ലാം നല്ലതിന്‌, സംഭവിക്കുന്നതും നല്ലതിന്‌, ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന്‌.......എന്ന പ്രത്യാശയോടെ

80 G (Donations to notified Funds and charitable institutions) ചില Notified Fund കളിലേക്കും Charitable Institution കളിലേക്കും നൽകിയ സംഭാവന 80G പ്രകാരം കിഴിവ് ലഭിക്കും. ശമ്പളത്തിൽ നിന്നും കുറയ്ക്കുന്ന ടാക്സ് (TDS) കണക്കാക്കുന്നതിന് ഇത് പരിഗണിക്കില്ല. Income Tax Return സമർപ്പിക്കുന്ന അവസരത്തിൽ അതിൽ കാണിച്ച് ഇളവ് നേടാം. (ചില Notified Fund കളിലേക്ക് സ്ഥാപനം വഴി ശേഖരിച്ച സംഭാവന TDS ന് പരിഗണിക്കും.) 
കടപ്പാട്-
http://mathematicsschool.blogspot.in/2015/12/income-tax-2015-16.html8/8/16

Apps അറിയാത്ത അമ്മാമ്മ

കുടുംബാംഗങ്ങൾ എല്ലാം ഒത്തു കൂടിയിരിക്കുന്ന അവസരത്തിലാണ് അവിടെ എത്തി ചേരാൻ പറ്റാത്ത വിദേശത്ത് പഠിക്കുന്ന അവന്റെ പിറന്നാളിന് എങ്ങനെയെങ്കിലും അവനെ ആശ്ചര്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ വീട്ടിലുള്ള നൂജിക്കാര്‍ അവരവരുടെ ന്യൂതനമായ ഉപകരണങ്ങളുടെ മുൻപിലാണ്. ചിലർ ചിലവില്ലാത്ത പിറന്നാൾ ആശംസകൾ കാർഡുകളാണെങ്കിൽ മറ്റു ചിലർ ചില "ഓൺ ലൈൻ ഷോപ്പിംഗ്"ങ്ങളിലൂടെ സമ്മാനങ്ങൾ ഓർഡർ ചെയ്യുന്നുണ്ട്.  അവരുടെ ഓരോ വിരൽ അമർത്തലിൽ കൂടി (ക്ലിക്ക്)  ആ ഉപകരണങ്ങളിൽ നിന്നുള്ള ആശയങ്ങൾ എല്ലാം ഒന്നിനുഒന്ന് മെച്ചപ്പെട്ടതായിരുന്നു.അതിലൊന്നായിരുന്നു അവൻ താമസിക്കുന്ന സ്ഥലത്ത് തന്നെയുള്ള കടയിൽ നിന്ന് കേക്ക് ഓർഡർ ചെയ്ത് അവനെ വിസ്മയസ്തബ്ധനാക്കുക എന്ന ആശയം. കടക്കാർ അവരുടെ പലതരത്തിലുള്ള കേക്കിനെ കുറിച്ചും പാക്കിംഗ് നെയും കൊണ്ടു കൊടുക്കുന്നതിനെ കുറിച്ചും വിശദമായ വിവരണവും പടങ്ങളും കൊടുത്തിട്ടുണ്ട്.

ഉയർന്ന ഉദ്യോഗപദവയിൽ നിന്നും വിരമിച്ച ശേഷം, കംപ്യുട്ടർ മൊബൈൽ ഫോൺ ....എന്നിങ്ങനെയുള്ള ആധുനിക ഉപകരണങ്ങളുമായി മറ്റുള്ളവർ  മല്ലിയിടുമ്പോൾ അതിൽ നിന്നും മാറി, ഞാൻ എങ്ങെനെ ആണോ ഇത്രയും കാലം ജീവിച്ചത് അതുപോലെയാണ് ഇനിയുള്ള കാലം എന്ന് വാശി പിടിച്ചിരിക്കുന്ന മാമനും കയ്യാലപുറത്തെ തേങ്ങ പോലെ അതായത് പഴഞ്ചനുമല്ല ന്യൂജിയും അല്ലാത്ത അവസ്ഥയിൽ ഇരിക്കുന്ന എനിക്കും ഏതോ ജാലവിദ്യ കാണുന്നത് പോലെ ആയിരുന്നു ഓരോ ആശയങ്ങളും. മാജിക്ക്കാരന്‍ , തന്‍റെ ദണ്ഡു കൊണ്ട് പുതിയ വിസ്മയങ്ങൾ കാണിച്ച് കാണികളെ അദ്ഭുതപ്പെടുത്തിയിരിക്കുന്നതിന് സമാനമായിട്ടായിരുന്നു ഓരോ പദ്ധതികളെയും പറ്റി തോന്നിയത്.
മാമനിൽ മതിപ്പ്‌ തോന്നിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എല്ലാവരുടെയും പെരുമാറ്റം.കംപ്യൂട്ടർ, മൊബൈൽ ഫോൺ ഉപയോഗിക്കാത്ത കൊണ്ട് മാമന് നഷ്ടപ്പെടുന്ന പുതിയ ലോകത്തെ കാണിക്കണം എന്ന ഉദ്ദേശ്യവുമുണ്ട്  എല്ലാവര്‍ക്കും .അതുകൊണ്ട് തന്നെ ഓരോ ചെറിയ കാര്യങ്ങളും എല്ലാവരുമായി ചർച്ച ചെയ്താണ് മുന്നോട്ട് പോകുന്നത്.പക്ഷെ പൈസ കൊടുക്കാനായി "ക്രെഡിറ്റ് കാർഡ്" ഉപയോഗിക്കുന്നത് കണ്ടതോടെ, "ക്രെഡിററ് കാര്‍ഡോ, എന്ത് ക്രെഡിറ്റ് അതായത് കടം പറഞ്ഞാണോ മേടിക്കുന്നത് ?" ഏകദേശം 75 വയസ്സുള്ള മാമൻ രോഷാകുലനായി." എന്റെ ജീവിതത്തിൽ ഇതു വരെ ഒരു സാധനവും കടം പറഞ്ഞ് മേടിച്ചിട്ടില്ല, കാശില്ലെങ്കിൽ മേടിക്കില്ല, ഞങ്ങളൊക്കെ ആത്മാഭിമാനമുള്ളവരായിരുന്നു." മാമൻ വീണ്ടും വാചാലനാവുകയാണ് ...

ഞങ്ങൾ അവരാരേയും പറ്റിക്കുകയല്ല എന്ന കാര്യം മാമനെ ബോദ്ധ്യപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു പിന്നീടുള്ള കർത്തവ്യം.കുട്ടികൾ ഒന്നും അറിയാത്ത പോലെ അവരുടെ ഉപകരണങ്ങളിൽ കുത്തിക്കൊണ്ടിരുന്നു.വിവരിച്ചു കൊടുക്കാൻ അറിയുന്നവർ, പതുക്കെ അവിടം വിട്ട് പോയി.അതോടെ വഴക്കിനും സംശയങ്ങൾക്കും മറുപടി കൊടുക്കേണ്ടത് എന്റെ ഡ്യൂട്ടിയായി.

വയസ്സാകുന്നതോടെ കുട്ടികളെ പോലെയാകും എന്ന് പറയുന്നത് പോലെതന്നെയായിരുന്നു മാമന്റെ സംശയങ്ങൾ."കേക്ക്, അവന് കൊണ്ടു കൊടുത്തില്ലെങ്കിൽ എന്ത് ചെയ്യും, ബാങ്ക് കാർ അവർക്ക് പൈസ കൊടുത്തില്ലെങ്കിൽ എന്ത് ചെയ്യും ......ആ പട്ടിക അങ്ങനെ നീണ്ടു കൊണ്ടിരിക്കുകയാണ്.ചിലതിനൊക്കെ ഞാൻ മറുപടി കൊടുത്തെങ്കിലും അതൊക്കെ കൂടുതൽ സംശയങ്ങൾക്കായി വഴി തെളിയിക്കുകയാണ്.പിന്തുണക്കായി  കുട്ടി സെറ്റുകളിൽ നിന്ന് ഒരുത്തനെ ഞാൻ വിളിച്ചെങ്കിലും, എന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ അവൻ എന്റെ അടുത്ത് വന്ന് പറഞ്ഞു " ഒരു മൊബൈൽ ഫോൺ പോലും ഉപയോഗിക്കാനറിയാത്ത  ആളിനെ എന്ത് പറഞ്ഞു മനസ്സിലാക്കാൻ, വേഗം ഇവിടെ നിന്ന് സ്ഥലം വിട്ടേക്കൂ."
കുഞ്ഞുനാള്‍ മുതലേ പഠിക്കാൻ മിടുക്കനായിരുന്ന മാമൻ, ഒരു പക്ഷെ ഞാനടക്കം ഉള്ള ഒരു തലമുറയുടെ "ആദര്‍ശമാതൃക(role model) ആയിരുന്നു. അദ്ദേഹത്തെ പോലെ പഠിച്ച് മിടുക്കനാവാനായിരുന്നു ഞങ്ങളുടെ മാതാപിതാക്കന്മാരും ഞങ്ങളെ ഉപദേശിച്ചിരുന്നത്.അദ്ദേഹത്തെ ആണോ ഇത്രയും നിസ്സാരനാക്കി കളഞ്ഞത്.കേട്ടപ്പോൾ വിഷമം തോന്നി.നമ്മുടെ ജീവിതമൂല്യങ്ങളാണ്, നമ്മളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അതിനെല്ലാം മാതാപിതാക്കന്മാരെ പോലെ ഇവരെല്ലാം ( പഴയതലമുറ) വലിയ പങ്ക് വഹിച്ചിട്ടില്ലേ ? അവരെ എല്ലാം അത്രയും നിസ്സാരക്കാരായി കാണേണ്ടതുണ്ടോ?  

ശാസ്ത്രം പുതിയ കണ്ടുപിടുത്തങ്ങളോടെ അനുദിനം മാറികൊണ്ടിരിക്കുകയാണ് അതോടപ്പം നമ്മുടെ കുട്ടികളും.കൂട്ടത്തില്‍   മനുഷ്യത്വവും.

 ഇന്ന് എന്തിനും ഏതിനും "apps" കൾ  ഡൗൺ ലോഡ് ചെയ്യുന്ന കാലമാണല്ലോ, പലപ്പോഴും അതിനെയൊക്കെ കളിയാക്കാറുകയാണുള്ളത് എന്നാൽ   തമാശയായിട്ടാണെങ്കിലും അവൻ പറഞ്ഞ ആ വാചകം എന്നെ കൂടുതൽ ചിന്തിപ്പിക്കുകയായിരുന്നു. അല്ലെങ്കിൽ "Apps അറിയാത്ത അമ്മാമ്മ എന്ന് പറഞ്ഞ് എന്നെ മാറ്റി നിറുത്തുന്ന സമയം അധികം ദൂരെയല്ല. അതേ, ഞാൻ എൻ്റെ ഭാവിയെ കുറിച്ച് വ്യാകുലപ്പെടുകയാണ്!!!!